Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതിൽ വിരോധമില്ലെന്നും എന്നാൽ വകുപ്പിൽ ഇരുന്ന് 'തൊരപ്പൻ പണി' കാണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
2018-ൽ നിപ പടർന്നുപിടിച്ചപ്പോൾ പേരാമ്പ്ര താലൂക്കിൽ രോഗം വ്യാപകമായിരുന്നു. അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്തത്. എന്നാൽ നിലവിൽ രോഗം വ്യാപിച്ചിട്ടില്ല. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ അന്നുതന്നെ തിരികെ പോകുമായിരുന്നു. ഏകോപന പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യം തിരുവനന്തപുരത്താണ്.
താൻ തിരുവനന്തപുരത്ത് ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്കയിൽ ഇരുന്ന് ഇവിടുത്തെ കാബിനറ്റിൽ അധ്യക്ഷത വഹിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ താൻ തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ അവലോകനം ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.
നിപ പരിശോധനാ ഫലം പുറത്തുവന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നു. ഫലം ഉച്ചയ്ക്ക് ഒരു മണിക്ക് വന്നിട്ടും ആരോഗ്യവകുപ്പ് ഡയറക്ടർ തന്നെ വിവരം അറിയിച്ചത് വൈകിട്ട് ആറ് മണിക്കാണ്. കളക്ടർക്ക് വീഴ്ച പറ്റിയിട്ടില്ല, ഡിഎച്ച്എസ് വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നു. സർക്കാരുമായി പൂർണമായി സഹകരിക്കാത്തതും വകുപ്പിൽ ചിലർ 'തൊരപ്പൻ പണി' കാണിക്കുന്നതു കൊണ്ടാണ് ഡിഎച്ച്എസ് റീനയെ മാറ്റിയത്.
ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും അത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകൾ ലഭ്യമല്ലെന്ന തരത്തിലുള്ള വാർത്തകൾ ദൗർഭാഗ്യകരമാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. തന്നെ വ്യക്തിപരമായി ആക്രമിച്ചോളൂ, എന്നാൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു.
നിപയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിൽ ലക്ഷണങ്ങളുണ്ടായിരുന്ന 11 പേരുടെ ഫലം നെഗറ്റീവാണ്. ഇതുവരെ നടത്തിയ 30 ടെസ്റ്റുകളിൽ 29 എണ്ണവും നെഗറ്റീവായി. നിലവിൽ സമ്പർക്കപ്പട്ടികയിൽ 100 പേരാണുള്ളത്. ഇതിൽ 4 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും, 14 പേർ ഹൈ റിസ്കിലും, 82 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. പട്ടികയിലുള്ളവരിൽ 44 പേർ ആരോഗ്യപ്രവർത്തകരാണ്.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ. മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ.മുരളീധരനെ കിങ്ങിണി മോന് എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശേരി പോലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി വിവാദത്തിൽ. പർച്ചവ്യാധി പടരുന്നതിനിടെ അവധി ചോദിച്ചതിനു പിന്നാലെയാണ് സ്ഥലം മാറ്റമെന്നാണ് കാരണമായി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാനാവില്ലെന്ന് കത്തു നൽകിയതാണ് സ്ഥലം മാറ്റത്തിനു കാരണമെന്നാണ് മറ്റൊരു വാദം.
എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ. റീനയെ സ്ഥലം മാറ്റിയത്. ആരോഗ്യ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പൂർണ ചുമതലയും നൽകി.
പകർച്ചവ്യാധി പടരുന്നതിനിടെ ഡോ. റീന 15 ദിവസത്തെ അവധിയെടുത്തുവെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ ഡോ. റീന രംഗത്തെത്തി. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ രണ്ടര ദിവസത്തെ അവധിക്കു മാത്രമാണ് അപേക്ഷിച്ചതെന്നുമാണ് റീന വ്യക്തമാക്കുന്നത്.
മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയതിനാലും സർക്കാരിനോട് ആലോചിക്കാതെ ചില നടപടികൾ എടുത്തതിനാലുമാണ് സ്ഥലം മാറ്റമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.
പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ചാർജെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ചർച്ചയും നടത്താതെ ശബരിമലയിലേക്ക് ഡോക്ടർമാരെ നൽകാൻ കഴിയില്ലെന്ന് കത്തു നൽകിയത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അത്തരത്തിൽ കത്ത് നൽകിയത്. അത് സർക്കാരിന്റെ ചുമതലയാണ്. അവർ ലീവിന് അപേക്ഷിച്ചതിൽ തെറ്റില്ല.
പക്ഷേ സർക്കാരിന്റെ സിസ്റ്റത്തോട് സഹകരിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അത് അംഗീകരിക്കില്ല. സ്ഥലംമാറ്റത്തെ വേണമെങ്കിൽ നടപടി എന്ന് വ്യാഖ്യാനിച്ചോളൂ എന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സർവീസിനുതന്നെ ആവശ്യമില്ലെങ്കിൽ അവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്നു തനിക്കു നിർബന്ധമില്ലെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. ശബരിമലയിലേക്ക് ഡോക്ടർമാരെ നിയോഗിക്കുന്നതിൽ ദേവസ്വത്തെ ബുദ്ധിമുട്ട് അറിയിച്ചത് സ്വന്തം തീരുമാനമായിരുന്നില്ല.
പബ്ലിക് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡയറക്ടറും കാര്യങ്ങൾ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്തു നൽകിയയത്. ശബരിമലയിൽ ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്നു തോന്നിയതിനാലാണ് കത്തു നൽകിയതെന്നും റീന കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43കാരന് നിരവധി ആളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ തന്നെ തയാറാക്കി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറുകിട വ്യാപാരിയായ ഇയാൾ അടുത്തിടെ ഒരു ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വന്തമായി വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പനി വന്ന് മാറിയ ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഇയാൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
രോഗി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് വിപുലമായ സമ്പർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഒപി വിഭാഗത്തിൽ ചികിത്സ തേടിയതിന് പുറമെ, രോഗി എംആർഐ സ്കാനിംഗ്, എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകൾക്കും വിധേയനായിരുന്നു.
സമ്പർക്ക സാധ്യത കണക്കിലെടുത്ത് ഇയാളെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും മറ്റ് ജീവനക്കാരോടും കർശനമായി ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് രോഗിയെ മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ പേ വാർഡിന് പരിസരത്തും മെഡിക്കൽ കോളജ് ക്യാമ്പസിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രതാ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവരും തയാറാകണം.
Kerala
കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇദ്ദേഹത്തെ ഐസൊലേഷനിലാക്കി.
ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകി വരികയാണ് നാളെ വൈകിട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാന്പിളിന്റെ പരിശോധന ഫലം വരിക. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേരെ ഇതിനകം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
ബത്തേരിയിൽ ഷിഗെല്ല സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും, തുടർ പരിശോധനകൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷയിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.
ശുദ്ധീകരിച്ച ജലം മാത്രമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ.ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. രോഗം പകരാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ഓർമിപ്പിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് സർക്കാർ ജോലി. ആരോഗ്യമന്ത്രിയെ നേരിൽ കണ്ടതായും കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകുമെന്ന് ഉറപ്പ് ലഭിച്ചതായും ഹർഷിന പ്രതികരിച്ചു.
സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി വി.ഡി. സതീശനെയും ഹർഷിന സന്ദർശിച്ചു. നഷ്ടപരിഹാരം നൽകുമെന്നും ചികിത്സയ്ക്ക് ആവശ്യമുള്ള തുക സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന പറഞ്ഞു.
കുടുംബാംഗങ്ങൾക്കും സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉൾപ്പടെയുള്ള നേതാക്കൾക്കും ഒപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കണ്ടത്.
Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കൽ കോളജുകൾ രണ്ടെണ്ണം നിർത്തലാക്കിയെന്നും അത് പുനരാരംഭിക്കാൻ തീരുമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ മെഡിക്കൽ വിഭാഗം മേധാവി ഡോ. സുനിലിനെ നിയമിച്ചു.
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവാണ് ഡോ. സുനിൽ.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി ശ്രീകുമാറിനേയും മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനേയും പ്രസ് സെക്രട്ടറിയായി സീജി കടയ്ക്കലിനേയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പി.എ. എബിമോനേയും നിയമിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പി.എസ്. ശ്രീകുമാറിനേയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഷിബു ഐസക്കിനേയും നിയമിച്ചു.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജിക്കുവേണ്ടിയുള്ള മുറവിളി മുറുകുന്നു. സ്റ്റാർമർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും രാജിവച്ചു. ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗാണ് രാജിവച്ചത്.
ഇതോടെ അഞ്ചു മന്ത്രിമാരാണു രാജിവച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുണ്ടായ വൻ തിരിച്ചടിയിൽ ഉത്തരവാദിത്വമേറ്റെടുത്ത് സ്റ്റാർമർ രാജിവയ്ക്കണമെന്നാണ് ആവശ്യം. സ്റ്റാർമർ രാജിവച്ചാൽ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് സ്ട്രീറ്റിംഗിനെയാണ്.
സ്റ്റാർമറുടെ നേതൃത്വത്തിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞാണ് സ്ട്രീറ്റിംഗിന്റെ രാജി. ബുധനാഴ്ച രാവിലെ 10ന് ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപനം.
Kerala
പത്തനംതിട്ട: തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്കി.
കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് തിരിച്ചെന്നും അടിയന്തര സാഹചര്യം നേരിടാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30നുണ്ടായ സംഭവത്തിൽ മൂന്ന് പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ് അധികൃതർ വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിച്ചേരാൻ തൃശൂർ ഡിഐജിക്ക് അദ്ദേഹം നിർദ്ദേശം നൽകി.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പി തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോട് റിപ്പോര്‍ട്ട് തേടി.
കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്‍കണമെന്ന് നിര്‍ദേശം നല്കി. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
2026 ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് 3.15 ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും അവരെ ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയാനും ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതു സ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈയ് മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നിലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പിതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോടു റിപ്പോര്‍ട്ട് തേടി.
കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്‍കണമെന്നു നിര്‍ദേശം നല്കി.
ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ മാസം 25ന് ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചുകയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയാനും ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതുസ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈകൾ മന്ത്രിയുടെ ദേഹത്തു സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി.
Kerala
ചേര്‍ത്തല: ലോകത്തിനു തന്നെ മാതൃകയാകുന്ന വികസനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുമ്പോഴും മേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള അപവാദപ്രചരണങ്ങള്‍ നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ 84.98 കോടി മുടക്കി നിര്‍മ്മിച്ച മന്ദിരം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലക്ക് നേരേ നിരന്തരമുണ്ടാകുന്ന കടന്നാക്രമണങ്ങള്‍ക്കു പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. കല്ലിട്ടിട്ടോ കെട്ടിടം പണിതിട്ടോ പോകുകയില്ല അവിടെ രോഗികള്‍ക്കു മെച്ചപെട്ട ചികിത്സയും ഉറപ്പാക്കുമെന്നും അതിനായുള്ള തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തിനും രാജ്യത്തിനും തന്നെ മാതൃകയാകുന്ന ആരോഗ്യ മേഖലയിലെ വികസനത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുയാണെന്ന് അധ്യക്ഷനായ മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല ആശുപത്രിയില്‍ കാര്‍ഡിയോളജി ഡോക്ടര്‍ അടക്കമുള്ള സേവനത്തിനായി നടപടികള്‍ സ്വീകരിക്കും തുടര്‍വികസനത്തിനും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കുമായി ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്മാന് എസ്. സോബിന്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്‍.എല്‍. വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എസ്. സനീഷ്, അധീന രാജു, ബീന അജി, ടോമി എബ്രഹാം, ധന്യാജയദേവന്, വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, എ.എം. ആരിഫ്, കെ. പ്രസാദ്, വി.ടി. ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ആര്. അമീന, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kerala
കണ്ണൂർ: കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്ന തിരക്കഥ പൊളിഞ്ഞിട്ടും വീണ്ടും ആക്രമിച്ചുവെന്ന് ആവർത്തിക്കുന്നത് ആരോഗ്യമന്ത്രി വീണ ജോർജിന് ഹാലൂസിനേഷൻ ബാധിച്ചിട്ടാണെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
യഥാർഥത്തിൽ ഇല്ലാത്തത് പലതും ഉണ്ടെന്നു ആരോഗ്യമന്ത്രിക്ക് തോന്നുകയാണ്. അതുകൊണ്ടാണ് അടുത്തെത്താത്ത യൂത്ത് കോൺഗ്രസുകാർ കാറിനടിച്ചു എന്നും കെഎസ്യു പ്രവർത്തകർ കഴുത്തിന് മർദിച്ചുവെന്നുമൊക്കെ പറയുന്നത്.
ആരോഗ്യവകുപ്പ് മന്ത്രിക്ക് മാത്രമല്ല ആരോഗ്യവകുപ്പിനും ഈ ഹാലൂസിനേഷൻ പിടിപെട്ടിട്ടുണ്ട്. ഇല്ലാത്ത നേട്ടങ്ങൾ ആ വകുപ്പിൽ സംഭവിക്കുന്നുവെന്ന് വരുത്തിത്തീർത്തുകൊണ്ടാണ് ഉദ്ഘാടന മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പടിയൂർ പഞ്ചായത്തിലെ കല്യാട് ഉദ്ഘാടനം ചെയ്യപ്പെട്ട അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ യാതൊരുവിധ പണിയും പൂർത്തിയായിട്ടില്ല. ഒന്നാംഘട്ട ഉദ്ഘാടനം നടത്തുമ്പോൾ 100 കിടക്കകളുള്ള ആശുപത്രിയും ഒമ്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള താളിയോല സൂക്ഷിക്കുന്ന കെട്ടിടവും 300 ചതുശ്ര അടിയുടെ നഴ്സറി ബ്ലോക്കും പൂർത്തിയാകേണ്ടതാണ്. എന്നാൽ, മുഖം മാത്രം മിനുക്കിയിട്ടാണ് കഴിഞ്ഞ ദിവസം ചടങ്ങ് നടത്തിയത്.
നിലവിൽ ആ കെട്ടിടത്തിൽ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, ഇലക്ട്രിഫിക്കേഷൻ തുടങ്ങി ഒരു പ്രവൃത്തിയും പൂർത്തീകരിച്ചിട്ടില്ല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിനെ പരിഹസിച്ചവർക്കാർക്കും ഇപ്പോൾ മിണ്ടാട്ടമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മാറോളിയും പങ്കെടുത്തു.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ്യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
വധശ്രമമടക്കം ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നൽകിയ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കേസിൽ റെയിൽവേ പോലീസിന് ആരോഗ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
Kerala
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ട് വരയുള്ള പൊതുപരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മന്ത്രി മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് ഇന്ന് പുലർച്ചെയാണ് മടങ്ങിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സ നിർദ്ദേശിച്ചാണ് മന്ത്രിക്ക് ഡിസ്ചാർജ് നൽകിയത്. എന്നാൽ മന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് പോയില്ല.
മന്ത്രിക്ക് നാല് ദിവസത്തെ പൂർണ വിശ്രമമാണ് നിർദ്ദേശിച്ചതെന്നും ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ തുടരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മന്ത്രിയോട് പരിയാരത്ത് ചികിത്സയിൽ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ രാത്രിയോടെ ഡിസ്ചാർജ് വേണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടപ്രകാരം മെഡിക്കൽ ബോർഡ് ഓൺലൈനായി ചേർന്ന് അനുവദിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ നാലോടെ മന്ത്രി പരിയാരത്ത് നിന്നും മടങ്ങി.
District News
കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തെ തുടർന്ന് ജില്ലയിൽ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ആക്രമണങ്ങൾ അരങ്ങേറി. ബുധനാഴ്ച രാത്രി കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.
പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും കല്ലേറ് നടത്തി.
തലശേരി: കോടിയേരി കല്ലിൽതാഴെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീയിട്ടു. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബുധനാഴ്ച രാത്രിയിലാണ് ഓഫീസിനു നേരെ ആക്രമണം നടന്നത്. ഓഫീസിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന അക്രമിസംഘം തീയിടുകയായിരുന്നു.തലശേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഓഫീസിൽ സൂക്ഷിച്ച ഫയലുകൾ, ദേശീയ പതാക, പാർട്ടി കൊടികൾ എന്നിവ കത്തിനശിച്ചു. ടെലിവിഷൻ താഴേക്കെറിഞ്ഞ നിലയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂര കത്തിച്ചാമ്പലായി. ചുമരിന്റെ സിമന്റ് അടർന്നുവീണു. ഫർണിച്ചറുകളും നശിച്ചിട്ടുണ്ട്. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ചെണ്ടയാടും കൊടിമരം നശിപ്പിച്ചു.
ന്യൂമാഹി: പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീവച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സിപിഎം പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഓടിട്ട ഓഫീസ് മേൽക്കൂരയുടെ കഴുക്കോലുകൾ കത്തിനശിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
മാലൂർ: പട്ടാരിയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന് നേരെ അക്രമമുണ്ടായി. ഓഫീസിന്റെ അഞ്ച് ജനൽച്ചില്ലുകൾ തകർന്നു. ചുമര് ഓയിൽ ഒഴിച്ച് വികൃതമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
പയ്യന്നൂർ: കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ മാത്തിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. ഓഫീസിന്റെ ജനച്ചില്ലുകളും ഫർണിച്ചറുകളും അടിച്ച് തകർത്തു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രിക്കെതിരായി റെയിൽവെ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കായി റെയിൽവെ പൊലീസ് അപേക്ഷ നൽകി.
പാലക്കാട് ഡിവിഷണൽ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. സംഭവത്തിന്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും
അതേസമയം, കേസിൽ അറസ്റ്റിലായ കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ അടക്കമുള്ള അഞ്ചു പ്രവർത്തകരാണ് റിമാൻഡിലായത്. വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പോലീസാണ് കേസെടുത്തത്.
Kerala
ആലപ്പുഴ: ജനങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് സിമ്പതിയുണ്ടാക്കാൻ മുഖ്യമന്ത്രി നടത്തിയ നാടകമാണ് കണ്ണൂരിലെ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി . പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും ശാരീരികമായി ഉപദ്രവിക്കുകയെന്നത് കോൺഗ്രസിന്റെ അജണ്ടയല്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പോലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. ഒരു നുണ നൂറ് വട്ടം പറഞ്ഞ് സത്യമാക്കാൻ നോക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴയിൽ സ്ത്രീയുടെ വയറ്റിൽ അഞ്ച് വർഷം മെഡിക്കൽ ഉപകരണം കുടുങ്ങിയിട്ടും അറിയാത്തവർ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമാണ്. തുടർഭരണം കിട്ടില്ലെന്നായപ്പോൾ അവസാന നിമിഷം ശമ്പള പരിഷ്ക്കരണമടക്കം പ്രഖ്യാപിക്കുന്നത് എന്തിനാണെന്ന് ജനം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.
ഇത് പാവപ്പെട്ടവന്റെ സർക്കാരാണെന്ന് ഒരു യഥാർഥ കമ്മ്യണിസ്റ്റുകാരനും പറയില്ല. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവരുടെ സർക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂരിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. കെഎസ്യു ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് വീണാ ജോർജും സിപിഎമ്മും പറയുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.
അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണെന്നാണ് ജോയ് മാത്യു കുറിച്ചത്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പമെന്നും അദ്ദേഹം കുറിച്ചു.
നാടകം വളരട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും ജോയ് കുറിച്ചിട്ടുണ്ട്.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
എ ഐ വന്നതോടെ
അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക്
കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ
മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്
എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം
നാടകം വളരട്ടെ!
Kerala
കോട്ടയം: മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാർ കോൺഗ്രസ് കൊടിമരം തകർത്ത് കൊടി കത്തിച്ചു.
പേട്ടക്കവലയിൽ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. കൊടിമരം തകർത്ത പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
ഏകദേശം 50 ഓളം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. കെകെ റോഡിലൂടെ പ്രകടനമായി എത്തിയ ശേഷമായിരുന്നു അക്രമം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Kerala
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും എംഎംആര്‍ഐ സ്കാനിംഗ് നടത്തണമെന്നും മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ.
ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമാണ് മന്ത്രിയെ ആദ്യം പരിശോധിച്ചത്. കഴുത്തിനേറ്റ് ക്ഷതവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് എംആർഐ സ്കാനിംഗ് നടത്തിയുള്ള വിദഗദ്ധ പരിശോധന ആവശ്യമാണെന്ന് നിർദേശിച്ചത്.
മന്ത്രിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടു എന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവയ്ക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരിക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.
ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ്. ഇതിന്റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.
അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .
എം.സി. അതുൽ, സി. എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ റെയിൽവേ പോലീസിന് കൈമാറും. അതിക്രമം നടന്നത് റെയിൽവേ സ്റ്റേഷൻ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ്.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ കെഎസ്യു ആക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് മന്ത്രി വി.എൻ. വാസവൻ.
ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിന്റെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിന്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്.
സ്ത്രീയായ ഒരു പൊതുപ്രവർത്തകയ്ക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവിന്റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല.
കേരളത്തിന്റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്റെ ഈ ചെയ്തികൾക്ക് മാപ്പു നൽകില്ല. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും വാസവൻ പറഞ്ഞു.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ കടന്നാക്രമണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരവും ആസൂത്രിതവുമായ ആക്രമണമാണ് നടന്നതെന്നും ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തിൽ ആദ്യമായാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരേസമയം ബിജെപിയും യൂത്ത് കോൺഗ്രസും മുസ്ലീം ലീഗും കെഎസ്യുവുമെല്ലാം പ്രതിഷേധവുമായി എത്തിയത് ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് തെളിവാണ്.
രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്തവർ ക്രിമിനലുകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമിക്കാമെന്നും എന്ത് ക്രൂരതയും ചെയ്യാമെന്നുമുള്ള "കനഗോലു സിദ്ധാന്തം' മുൻനിർത്തി ക്രിമിനലുകളെ വളർത്തുന്ന രീതിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
ജനാധിപത്യപരമായ സംവാദങ്ങൾക്കോ രാഷ്ട്രീയ പോരാട്ടത്തിനോ കഴിയില്ലാത്തവർ വംശഹത്യയുടെയും ക്രിമിനലിസത്തിന്റെയും വഴി തേടുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
Kerala
കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒപി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ മിക്കവയും വിദേശ കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞു.
വിദേശത്ത് ആശുപത്രികള്‍ നടത്തുന്ന കമ്പനികളല്ല, മറിച്ച് മരുന്നുകമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ഉം 90 ഉം ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖല തകരണം. ഇതു മുന്നില്‍കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെ ബോധപൂർവം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.
വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: പത്തനംതിട്ട ടൗൺഹാളിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിയിൽ പ്രതിഷേധം. മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു.
ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എൽഡിഎഫ് പ്രതിനിധികൾ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.
ഹാളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂക്കിവിളിച്ചതോടെ പോലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ വിമർശനുമായി മന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രതിഷേധം അതിര് കടക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.
"യൂത്ത് കോൺഗ്രസ് ആരെയാണ് വിരട്ടാൻ നോക്കുന്നത്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താമെന്ന് വിചാരിക്കണ്ട. യൂത്ത് കോൺഗ്രസ് വിരട്ടാൻ നോക്കിയാൽ പേടിക്കുന്നവരല്ല ഇടതുപക്ഷക്കാർ.'-ശിവൻകുട്ടി കൂട്ടിച്ചേർത്തു.
"ആരോഗ്യമേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ദേശീയ തലത്തിൽ പോലും അംഗീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അപമാനിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഒക്കെ ശ്രമിക്കുന്നത്. സർക്കാർ ഇതിന് മുന്നിലൊന്നും പതറില്ല.'-ശിവൻകുട്ടി പറഞ്ഞു.
Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിളപ്പിൽശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ വീഴ്ചയുണ്ടായില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണ് ആശുപത്രി അടച്ചിട്ടത്. ഒന്നര മിനിട്ടിനുള്ളിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിക്ക് സാധ്യമായ ചികിത്സ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു.
ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക അകപ്പെട്ട കെ.കെ. ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്കു മുൻപിൽ സത്യഗ്രഹം തുടങ്ങി. സര്‍ക്കാരില്‍നിന്നു നീതി ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോൾ ആ പണവും തീര്‍ന്നു. ജീവിക്കാൻ നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു.
District News
പത്തനംതിട്ട: തെറ്റായ പ്രചാരണങ്ങളിലൂടെ ആരോഗ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തെ നേരിടുമെന്ന് എൽഡിഎഫ് ജില്ലാ നേതാക്കൾ. മന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് തുടർന്നാൽ സർക്കാർ നൽകുന്ന സംരക്ഷണത്തിനു പുറമേ വീണാ ജോർജിന് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം എൽഡിഎഫും ഏറ്റെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പത്രസമ്മേളനത്തിൽ പറഞ്ഞു.
വീണാ ജോർജിനെതിരേ നടക്കുന്നത് അസൂയയും കണ്ണുകടിയും കാരണമുള്ള സമരാഭാസമാണ്. ആശയപരമായി നേരിടേണ്ടതിനു പകരം രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആക്രമണമാണ് പ്രതിപക്ഷം നടത്തുന്നത്. മന്ത്രിയുടെ വീട്ടിലേക്ക് സമരം നടത്തുന്നതിനു പിന്നിലെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കണം.
സ്വാതന്ത്ര്യം നേടിയശേഷം ഇതേവരെ നേടിയതിലും കൂടുതൽ വികസന നേട്ടങ്ങളാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷത്തിനിടെ പത്തനംതിട്ട ജില്ലയിൽ കൊണ്ടുവന്നത്. ആരോഗ്യ രംഗത്തുണ്ടായ വലിയ വികസന നേട്ടങ്ങൾ ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പതു വർഷത്തിനിടെ 970 കോടി രൂപയുടെ വികസനമാണ് ആരോഗ്യ രംഗത്ത് ഉണ്ടായത്. അതിനു മുന്‍പുള്ള യുഡിഎഫ് ഭരണകാലത്ത് 15 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് ജില്ലയിൽ അനുവദിച്ചത്. 2021 - 25 കാലയളവിൽ 115.58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആറന്മുള നിയോജക മണ്ഡലത്തിൽ മാത്രം നടപ്പിലാക്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറുകയാണ്. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങളുണ്ടാകുന്നു. തകർച്ച നേരിട്ട കെട്ടിടം നവീകരിക്കുകയാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോന്നി മെഡിക്കൽ കോളജ് പൂർണസജ്ജമായിക്കൊണ്ടിരിക്കുകയാണ്.
368 കോടി രൂപയുടെ രണ്ടാംഘട്ട വികസനമാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 167.33 കോടി രൂപ അനുവദിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ജില്ലാ ആശുപത്രിയിലും 30 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സിഎച്ച്സികളും താലൂക്ക് ആശുപത്രികളും നവീകരിച്ചു. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തി.
പത്തനംതിട്ട, കോന്നി, സീതത്തോട് എന്നിവിടങ്ങളിൽ പുതിയ നഴ്സിംഗ് കോളജുകൾ നിലവിൽ വന്നു. വികസന നേട്ടങ്ങളെ ഇകഴ്ത്താനുള്ള ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ. അജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.